ഈ നേരവും ആ നേരവും ഒക്കെ കടന്ന് പോകുമെന്ന് പറയുന്നവർ ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. നിങ്ങളുടെ ഈ ആശ്വാസവാക്കുകൾ എല്ലാവരെയും സമാധാനിപ്പിക്കില്ല. ഞാൻ പറയുന്നത്, ഒരേ സമയം പലരെയും സ്നേഹിക്കുന്നവരോ, ഒരു പ്രണയം തകർന്ന് പിറ്റെന്നാൾ മറ്റൊന്ന് കണ്ടെത്തുന്നവരോ കേൾക്കണമെന്നില്ല. ഇത് നിങ്ങളെ കുറിച്ചല്ല. നിങ്ങൾക്കിത് മനസിലാവുകയുമില്ല. നിഴലുകൾ പോലെ നിശബ്ദരായി ജീവിക്കുന്നവരാണ് നമ്മൾ പലരും . ആരുടേയും വികാരങ്ങളെ നോവിക്കാതെ, പ്രണയത്തെ നിർമ്മലമായ ഒരു വികാരമായി കാണുന്നവർ. ആത്മാവിലേക്കിറങ്ങി ചെന്ന് പ്രണയിക്കാൻ കഴിവുള്ളവർ. ആഴമുള്ള തടാകം പോലെ ഓളങ്ങളില്ലാതെ ശാന്തമായി ജീവിക്കുന്ന നമ്മുടെ ഉള്ളിൽ അത്ര പെട്ടെന്നൊന്നും ആർക്കും ചലനം സൃഷ്ടിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഒരുപക്ഷെ വേദനാജനകമായ മുന്നനുഭവങ്ങൾ നമ്മളെ അങ്ങനെ ആക്കിയതാവാം. അതല്ലെങ്കിൽ അടുപ്പമുള്ളവരുടെ അനുഭവങ്ങൾ കണ്ട് പേടിച്ചിട്ടാവാം. ഇത് വരെ ആരെയും ഒരുപരിധിക്കപ്പുറത്തേക്ക് സ്വന്തമായി കാണാതെ, ഒഴിഞ്ഞ് മാറി കഴിയുന്ന നമ്മുടെ ജീവിതത്തിലേക്ക്, ശക്തമായ കുത്തൊഴുക്ക് പോലെ ചിലർ കടന്ന് വരും. വേനലിൽ ഒരു പുതുമഴയായി, പൂന്തോട്ടത്തിൽ ആദ്യമായി വിരിഞ്ഞ പൂവിന്റെ സൗരഭ്യമായി, ഇടിയും മിന്നലുമൊക്കെയായി കടന്ന് വരുന്നവരെ പതുക്കെയാണെങ്കിലും നമ്മൾ ഇഷ്ടപ്പെട്ട് തുടങ്ങും. ഇങ്ങനെ വരുന്ന പ്രണയം പലപ്പോഴും വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ കല്ലോ, നേരംകൊല്ലിയോ ഒക്കെ ആവാം. ചിലപ്പോളൊക്കെ സത്യപ്രണയവുമാവാം കേട്ടോ നമ്മുടെ ഉള്ളിലെ അവിശ്വാസത്തിന്റെ അവസാന കണികയും ഉരുകി തീരുമ്പോൾ, ഇതുവരെ പൊട്ടാത്തതോ, അതല്ലെങ്കിൽ ഒരിക്കൽ പൊട്ടിയൊഴുകി എങ്ങുമെത്താതെ പോയതോ ആയ പ്രണയത്തിന്റെ നീരുറവ പുറത്തേക്ക് ഒഴുകി തുടങ്ങും. ഒടുവിലെല്ലാം മറന്ന് പൂർണമായി ഹൃദയം തുറന്ന് സ്നേഹിച്ച് തുടങ്ങുമ്പൊഴേക്കും, വന്ന് കയറിയ അഥിതികൾക്ക് പോകാൻ സമയമായിട്ടുണ്ടാവും. പല കാരണങ്ങൾ നിരത്തി നിഷ്കരുണം നമ്മുടെ കണ്ണീരും യാചനകളും അവഗണിച്ച്, വന്ന് കയറിയവർ തിരിച്ചു പോവും. അവർക്ക് ആ കടന്ന് പോക്ക് ചിലപ്പോൾ നിസ്സാരമായിരിക്കും. ഒരു കുപ്പായം മാറ്റി മറ്റൊന്ന് ധരിക്കുന്നത് പോലെ, അല്ലെങ്കിൽ ഒരു വാടക വീട്ടിൽ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റം പോലെ അത്രയും ലളിതമാവും. എന്നാൽ ആ വേദന, നെഞ്ചിൽ കിടന്ന് വിങ്ങുന്ന, ശ്വാസമെടുക്കാൻ വരെ ബുദ്ധിമുട്ടുന്ന അവസ്ഥ എത്ര മാത്രം കഷ്ടമാണെന്ന് അനുഭവിച്ചവർക്കറിയാം. എന്താ ശരിയല്ലേ? ഒരുപാട് ഉറക്കമില്ലാത്ത രാത്രികൾക്കും, ബോധമില്ലാത്ത പകലുകൾക്കും ശേഷം, കാലങ്ങൾ കൊണ്ട് ഹൃദയത്തിലെ ആഴമേറിയ മുറിവിന് മുകളിൽ ചില പോടുകൾ രൂപപ്പെടാം. മുറിവുണങ്ങിയെന്നാശ്വസിക്കുമ്പോളായിരിക്കും ഒരു ദുസ്വപ്നമായി അവരുടെ ഓർമ്മകൾ വീണ്ടും നമ്മളെ വേട്ടയാടാൻ തുടങ്ങുക. അതോടെ ദുർബലമായി ചാരിവെച്ച ഇടനെഞ്ചിലെ അലമാരയുടെ വാതിലുകൾ തുറക്കപ്പെടുകയും, വാരി കൂട്ടി ഒതുക്കി വെച്ച ദുർഗന്ധമുള്ള പഴയ ഓർമ്മകൾ ഒന്നിന് പിറകെ മറ്റൊന്നായി പുറത്തേക്ക് വീഴുകയും ചെയ്യും. മറ്റൊരു പ്രണയത്തിനോ, വിവാഹത്തിനോ, കുഞ്ഞുങ്ങൾക്കോ, പണത്തിനോ ഒന്നും മായ്ച്ചു കളയാനാവാത്ത നൊമ്പരമായി, ഹൃദയമിടിപ്പ് കൂട്ടിയും, കണ്ണീര് നിറച്ചും, മരണം വരെയും ആ നഷ്ടബോധവും, നെഞ്ച് പിടയുന്ന വേദനയും, നമ്മുടെ ജീവിതത്തിൽ കാലാകാലം നിലനിൽക്കും. ഇല്ല! ചില നേരങ്ങൾ നമ്മുടെ ഉള്ളിൽ നിന്നും ഒരിക്കലും കടന്ന് പോവില്ല..!